24 Sept 2015

ആരാണ് ഗൃഹനാഥന്‍

കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും ഗൃഹനാഥനെ ആശ്രയിച്ചാണിരിക്കുന്നത്‌. കുടുംബാംഗങ്ങള്‍ ഗൃഹസ്ഥന്റെ കീഴില്‍ അനുസരണയോടും അച്ചടക്കത്തോടും കൂടി കഴിയണം. ഗൃഹസ്ഥന്റെ കടമകളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച്‌ മഹാനിര്‍വ്വാണ തന്ത്രം അഷ്ടമോല്ലാസത്തില്‍ ഇപ്രകാരം പ്രതിപാദിക്കുന്നുണ്ട്‌. “ഗൃഹസ്ഥന്‍ ഈശ്വരഭക്തനും ആയിരിക്കണം. സ്വധര്‍മ്മങ്ങള്‍ക്കൊന്നും ഊനം വരുത്താതെ നിരന്തരം കര്‍മ്മത്തിലേര്‍പ്പെടുകയും കര്‍മ്മഫലങ്ങള്‍ ഈശ്വരനിലര്‍പ്പിക്കുകയും വേണം.”

പ്രതിഫലമില്ലാതെ കര്‍മ്മം ചെയ്യുക, സഹജീവികള്‍ അഭിനന്ദിക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ ചിന്തിക്കാതെ നിരന്തരം നന്മ ചെയ്തുകൊണ്ടിരിക്കുക എന്നത്‌ മനുഷ്യനെ സംബന്ധിച്ച്‌ ഉത്കൃഷ്ടമായ ത്യാഗമാകുന്നു. കുടുംബനാഥന്റെ വലിയ കര്‍ത്തവ്യം നേരായ മാര്‍ഗ്ഗത്തില്‍ ഉപജീവനം നേടുക എന്നതാണ്‌. അമ്മയും അച്ഛനും പ്രത്യക്ഷ ദേവതകളാണെന്നറിഞ്ഞ്‌ അവരെ സന്തോഷിപ്പിക്കുക. അച്ഛനും അമ്മയും പ്രസാദിച്ചാല്‍ ഈശ്വരന്‍ പ്രസാദിച്ചുവെന്നര്‍ത്ഥം. അമ്മയ്ക്കും അച്ഛനും മക്കള്‍ക്കും ഭാര്യയ്ക്കും ദരിദ്രര്‍ക്കും കൊടുത്തതിനുശേഷമല്ലാതെ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കരുത്‌. ജന്മം നല്‍കിയ മാതാപിതാക്കന്മാര്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ ഗൃഹസ്ഥന്‍ തയ്യാറാകണം. ഇപ്രകാരം തന്നെ ഭാര്യയോടുള്ള കടപ്പാടും ധര്‍മ്മവും പാലിക്കണം. പതിവ്രതയായ ഭാര്യയുടെ സ്നേഹം നേടാന്‍ കഴിഞ്ഞാല്‍ കുടുംബനാഥന്‌ സര്‍വഗുണങ്ങളും സ്വായത്തമാക്കാന്‍ കഴിയും. സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌ – ആണ്‍ മക്കളെ നാലുവയസ്സുവരെ പ്രേമിച്ചും ലാളിച്ചും വളര്‍ത്തണം. 16 വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. 20 വയസ്സില്‍ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട്‌ അയാളെ തന്റെ തുല്യനായി കരുതി സ്നേഹപൂര്‍വ്വം പെരുമാറണം. ഇതുപോലെ തന്നെ പെണ്‍മക്കളെ ചിട്ടയോടെ വളര്‍ത്തി വിദ്യയും അഭ്യസിപ്പിച്ച്‌ വിവാഹം ചെയ്തുകൊടുക്കുക. ഗൃഹസ്ഥന്‌ പിന്നീടുള്ള കടമ തന്റെ കടമ സഹോദരന്മാരോടാണ്‌. തന്നാല്‍ കഴിയുന്നത്‌ അവരെ സഹായിക്കുക.

ആഹാരം, വസ്ത്രം, ശരീര ശുശ്രൂഷ ഇവയില്‍ അമിത ആസക്തി പാടില്ല. ഉത്സാഹശീലനും ധര്‍മ്മ സന്നദ്ധനും ആയിരിക്കണം ഗൃഹനാഥന്‍. മൂന്നുകാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കരുത്‌ യശസ്‌, പൗരുഷം, ധനം.

എപ്പോഴും രണ്ടുവസ്തുക്കള്‍ സമ്പാദിക്കാന്‍ തീവ്രയജ്ഞം ചെയ്യണം – ധനവും ജ്ഞാനവും. ധര്‍മ്മം നിര്‍വഹിക്കാത്ത ഒരുവനെ പുരുഷന്‍ എന്നുപറയാവുന്നതല്ല. ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനോ മതത്തിനോ വേണ്ടിയുള്ള യുദ്ധത്തില്‍ മരിക്കുന്നുവെങ്കില്‍ ധ്യാനം കൊണ്ട്‌ യോഗികള്‍ പ്രാപിക്കുന്ന പദത്തിലെത്തിച്ചേരുന്നു. അന്യസ്ത്രീകളെ മാതാവായോ സഹോദരിയായോ പുത്രിയായോ കരുതണം.

കടപ്പാട് :- ജന്മഭൂമി 

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.