Latest Posts

4 Mar 2018

ടിവിയിൽ മാത്രമാകരുത് കാഴ്ച

ടിവിയിൽ മാത്രമാകരുത് കാഴ്ച

"TV ഓൺ ചെയ്‌ത് കൊടുത്താൽ പിന്നെ അവൻ അടങ്ങിയിരുന്നോളും!" ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെപ്പറ്റി പറയുന്ന കാര്യമാണിത്. എന്നാൽ കുട്ടികളെ TVയ്ക്ക് മുന്നിൽ പിടിച്ചിരുത്തുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • ചെറിയ കുട്ടികൾ TV കാണുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. TVയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ കുട്ടികളുടെ കണ്ണിന് കേടാണ്. മാത്രമല്ല കുട്ടികളുടെ ഏകാഗ്രതയും കുറയും.
  • ചില രക്ഷിതാക്കൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതു പോലും TVയ്ക്ക് മുന്നിൽ ഇരുത്തിയാണ്. അത് ആരോഗ്യകരമായ ഭക്ഷണ ശീലമല്ല.
  • വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് TV കാണുന്ന കുട്ടികൾക്ക് മടിയും അലസതയും ഉണ്ടാകും. കൂട്ടുകൂടി കളിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
  • കുട്ടികളെ TV കാണിക്കരുത് എന്നല്ല, അവർക്ക് ഇഷ്ടപ്പെടുന്ന കാർട്ടൂണുകളും വാർത്തകളും കൗതുകങ്ങൾ നിറഞ്ഞ പരിപാടികളും കാണാൻ അനുവദിക്കാം.
  • പഠനത്തിലും കളിക്കുമെന്നപോലെ കുട്ടികൾ TV കാണുന്നതിലും നിയന്ത്രണം വേണം.
  • കുട്ടികൾ പഠിക്കുന്ന സമയത്ത് മുതിർന്നവർ ഉച്ചത്തിൽ TV വയ്ക്കുന്നതും നല്ലതല്ല. കുട്ടികളെ ഉപദേശിക്കുമ്പോൾ രക്ഷിതാക്കളും അത് പാലിക്കണം.
  • TVയിൽ കാണുന്ന കാഴ്ചകളേക്കാൾ വലിയ കാഴ്ചകൾ പ്രകൃതിയിലും നമ്മുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ ശ്രദ്ധയും താത്പര്യവും അതിലേയ്ക്ക് പിന്തിരിപ്പിക്കാൻ ശ്രമിക്കാം.

26 Feb 2018

45 വയസ്സ് കഴിഞ്ഞാൽ ....

45 വയസ്സ് കഴിഞ്ഞാൽ ....

45, അതായത്  ആയുസ്സിന്റെ  ഏറ്റവും നല്ല ഭാഗത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞ സഹോദരി - സഹോദരങ്ങൾ ക്ഷമയോടെ വായിക്കുക..

വയസ് നാല്പതുകളിലോ അമ്പതുകളിലോ  എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ,
എത്തി കഴിഞ്ഞവരെ,
ഇത് നിങ്ങൾക്കാണ്....

ഹോ, നമ്മളോളം കുട്ടികളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ?

എത്ര വയസുവരെയാണ്‌ മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?

ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മുടെ പൂർവികർ.

പത്തു വയസാവുമ്പോഴേക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ

അവരുടെ തലമുറയിൽപെട്ട അമ്മമാരാണ്‌ ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന  കാരണത്താൽ കൂട്ടുകാരികൾ
പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ദ് ചെയ്ത്‌ വീടിനെ മരണവീടുപോലെ   ശോകമൂകമാക്കുകയും ചെയ്യുന്നതും

മകന്‌  മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്

ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി!

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരും വരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം.

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ

പക്ഷേ കണ്ടിട്ടില്ലേ,
അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി.
ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം

നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത്‌ പ്രധാനമാണ്‌

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌.
അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌

മരിക്കുമ്പോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌

രണ്ട്  തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌?
ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക.
അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക. അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക.

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ  വയനാട്ടിൽ വന്നു.

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ.
അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു.

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം  നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌!

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ.
അത്‌ പക്ഷേ നമ്മുടെ കുഴപ്പമല്ല ,
നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫ്യൂഷനാണത്‌.
നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നഴ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുമ്പോൾ പറഞ്ഞിരുന്നത്‌  എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം.
'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം 

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌

നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌...

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല.
മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ  ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന  പലപല സംഗതികളെക്കുറിച്ച്‌.....

അത്‌ പലർക്കും പലതാകാം.

വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം.

 ഒരു ഒരു കാനന സഫാരിയോ, ഷോപ്പിങ്ങോ  ആകാം.

ഉറക്കെയുറക്കെ പാടുക,
മതിവരുവോളം നൃത്തം ചെയ്യുക .

പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക,
തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌.

വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ തയ്യൽ മെഷീൻ കണ്ടോ?

'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ..
ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം'
എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം.

അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ, അതും അങ്ങനെ വന്നതു തന്നെ.

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ  ഈ കുറിപ്പ്‌ കൊണ്ടും  ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌

മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌.

നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ.
സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌...

അമാന്തിച്ചു നിന്നാൽ  മന:സമാധാനമില്ലാതെ മരിക്കാം.
ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം .

നിങ്ങളോട്‌ എന്ന വ്യാജേന ഇത്‌ ഞാൻ എന്നോടും കൂടിയാണ്‌ പറയുന്നത്‌ എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ?

പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ദങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ  അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌

പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌  ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു

ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം.

ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌?

ഭാര്യ/ ഭർത്താവ് തനിയെ ജീവിക്കില്ലേ?

മക്കൾ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ?

നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ?
ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ?

അത്രയേ ഉള്ളൂ കാര്യം.
നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി.

അപ്പോ ശരി..
എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ?

ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം...!                     അതായത് 45 കഴിഞ്ഞാലെങ്കിലും നമുക്ക് വേണ്ടി, നമ്മുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെക്കുവാൻ പരിശീലിക്കുക, ആയതിന് വേണ്ടി ശ്രമിക്കുക...

നല്ലത് വരട്ടെ.....

29 Jul 2017

സ്വാതന്ത്ര്യദിന ആഘോഷം 2017

സ്വാതന്ത്ര്യദിന ആഘോഷം 2017

രാജ്യമെമ്പാടും 71-ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15, 2017 ചൊവ്വാഴ്ച രാവിലെ 8.00 നു നമ്മുടെ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നു. താങ്കള്‍ കുടുംബസമേതം കൃത്യസമയത്തുതന്നെ കൊടിമരത്തിന് സമീപം (കനാലിനടുത്ത്) എത്തിച്ചേരുവാന്‍ താല്‍പര്യപെടുന്നു.

തുടര്‍ന്ന് കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, കഥാരചന, കവിതാരചന തുടങ്ങിയ കലാമത്സരങ്ങള്‍ കോലത്ത് സുരയുടെ വസതിയിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ കുട്ടികളും ഇതില്‍ പങ്കുചേരുവാന്‍ താല്‍പര്യപെടുന്നു. എന്ന്,
 പ്രസിഡെന്റ് / സെക്രട്ടറി 

28 May 2017

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക 
തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ സാധാരണ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?
കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

രോഗലക്ഷണങ്ങള്‍
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.
അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.

കൗണ്ട് കുറയുന്നത് പ്രധാന കാരണം
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
കടുത്ത രോഗമുള്ളവരില്‍ (ഡെങ്കുഷോക് സിന്‍ഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവര്‍). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക
ക്യത്യമായ ചികിത്സയില്ലാത്ത ഒരു രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയും.

കൊതുകിനെ തുരത്താം ജീവന്‍ രക്ഷിക്കാം
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

കൊതുകുകടിയില്‍ നിന്നും രക്ഷനേടാന്‍
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

ധാരാളം വെള്ളം കുടിക്കുക
ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.
മീഡിയ കോ-ഓര്‍ഡിനേറ്റര്‍
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം
അർദ്ധവാർഷിക പൊതുയോഗം

അർദ്ധവാർഷിക പൊതുയോഗം

മാന്യ കടുംബാംഗമേ,
                                 കണയന്നൂർ നോർത്ത് റസിഡെൻസ് അസോസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം 11. 6. 2017 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോലത്ത് സുരേഷ് കുമാറിന്റെ വസതി (കാവിലമ്മ സ്റ്റോഴ്സ്) യിൽ ചേരുവാൻ തീരുമാനിച്ചിരിക്കുന്നു.തുടർന്ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ ഈ വർഷത്തെ SSLC, +2, CBSE, പരീക്ഷകളിൽ ഉന്നത വിജയം കരസ്തമായ  അസോസിയേഷനിലെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും. നമ്മുടെ പൊതുയോഗത്തിലും തുടർന്ന്‌ നടത്തപ്പെടുന്ന പരിപാടികളിലും എല്ലാ കുടുംബാംഗങ്ങളും കൃത്യസമയത്ത് പങ്കെടുത്ത്  പരിപാടി വൻവിജയമാക്കണമെന്ന് താത്പര്യപ്പെടുന്നു.
പ്രസിഡന്റ്                   ഖജാൻജി                      സെക്രട്ടറി
രാധാകൃഷ്ണൻ           ഗീത ജി നായർ              സന്തോഷ് ഏ.ആർ. 
കാര്യപരിപാടി
പൊതുയോഗം         ഉച്ചയ്ക്ക് 2 മണി
ഈശ്വരപ്രാർഥന
അനുശോചനം നന്ദനൻ
സ്വാഗതം രാധാകൃഷ്ണപിള്ള (ജോ. സെക്രട്ടറി)
അദ്ധ്യക്ഷൻ കെ.രാധാകൃഷ്ണൻ പ്രസിഡന്റ് 
റിപ്പോർട്ട് ഏ.ആർ സന്തോഷ് സെക്രട്ടറി 
കണക്കവതരണം :- ഗീത ജി നായർ 
ചർച്ച 
നന്ദി :- റെജിന ഗോവിന്ദൻ
പൊതു സമ്മേളനം
സ്വാഗതം- എ.ആർ സന്തോഷ്
അദ്ധ്യക്ഷൻ  രാധാകൃഷ്ണൻ
ഉൽഘാടനം ശ്രീമതി രമണി ജനകൻ 
മുഖ്യാതിഥി. ഡോ. ശ്രീ രഞ്ജിത് [പ്രൊഫ.മലബാർ കൃസ്ത്യൻ കോളേജ് കോഴിക്കോട്]
തുടർന്ന് ലഘുഭക്ഷണം

31 Jan 2017

GK Bites - 1

GK Bites - 1

നോവലുകൾ
? പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ദ് ടെയിൽ ഓഫ് ഗെൻജി ആണ് ലോകത്തിലെ ആദ്യ നോവലായി കരുതപ്പെടുന്നത്.
? മുറാസകി ഷികിബു എന്ന ജപ്പാൻകാരിയാണ് ദ് ടെയിൽ ഓഫ് ഗെൻജി എഴുതിയത്.
?ആധുനിക യൂറോപ്പിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് ഡോൺ ക്വിക്സോട്.
? കുന്ദലതയാണ് മലയാളത്തിലെ ആദ്യ നോവൽ
? അപ്പു നെടുങ്ങാടിയാണ് കുന്ദലതയുടെ കർത്താവ്.
? മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖ.
? ഒ.ചന്തുമേനോൻ ആണ് ഇന്ദുലേഖ എഴുതിയത്.
? ചന്തുമേനോന്റെ അപൂർണമായ നോവലാണ് ശാരദ.
? മലയാളത്തിലെ ആദ്യ ചരിത്ര നോവൽ മാർത്താണ്ഡവർമ്മ
? സി.വി.രാമൻപിള്ളയാണ് മാർത്താണ്ഡവർമ്മ എഴുതിയത്.
? സിനിമയായ ആദ്യ മലയാള നോവൽ മാർത്താണ്ഡവർമ്മ.
? സി.വിയുടെ മറ്റ് ചരിത്ര നോവലുകൾ ധർമ്മരാജ, രാമരാജ ബഹദൂർ
? സി.വിയുടെ സാമൂഹിക നോവലാണ് പ്രേമാമൃതം.
?മലയാളത്തിലെ ആദ്യ ഹാസ്യ നോവൽ പങ്ങോടി പരിണയം.
?പങ്ങോടി പരിണയം എഴുതിയത് കിഴക്കേപ്പാട്ട് രാമൻ മേനോൻ.
? കേരള വർമ വലിയകോയിത്തമ്പുരാൻ വിവർത്തനം ചെയ്ത നോവലാണ് അക്ബർ.
? മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവൽ ഭാസ്കര മേനോൻ ആണ്.
? അപ്പൻ തമ്പുരാനാണ് ഭാസ്കര മേനോൻ എഴുതിയത്.
? കാരാട്ട് അച്യുതമേനോൻ എഴുതിയ സാമൂഹിക നോവലാണ് വിരുതൻ ശങ്കു.
? ഭൂതരായർ എന്ന നോവൽ അപ്പൻതമ്പുരാൻ എഴുതിയതാണ്.
? സർദാർ കെ.എം. പണിക്കരാണ് കേരളസിംഹം എന്ന നോവൽ എഴുതിയത്.
? ഓടയിൽ നിന്ന് - പി.കേശവദേവ്
? ചെമ്മീൻ, കയർ, രണ്ടിടങ്ങഴി -തകഴി
? ബാല്യകാല സഖി, പ്രേമലേഖനം, മതിലുകൾ, പാത്തുമയുടെ ആട് - ബഷീർ
? സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു - ഉറൂബ്
? ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ - എസ്.കെ.പൊെറ്റക്കാട്
? മലയാളത്തിലെ ഏറ്റവും ദൈർഘ്യമുള്ള നോവൽ അവകാശികൾ.
? എം.കെ.മേനോൻ ആണ് അവകാശികൾ എഴുതിയത്.
? ഇനി ഞാൻ ഉറങ്ങട്ടെ -പി.കെ.ബാലകൃഷ്ണൻ
? തട്ടകം - കോവിലൻ
? രണ്ടാമൂഴം നാലു കെട്ട്, മഞ്ഞ്, അസുരവിത്ത്- എം.ടി
? സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുളളിപ്പുലികളും വെള്ളിനക്ഷത്രവും - സി.രാധാകൃഷ്ണൻ
? ഖസാക്കിന്റെ ഇതിഹാസം, ഗുരുസാഗരം, ധർമ്മപുരാണം, മധുരം ഗായതി - ഒ.വി.വിജയൻ
? മലയാളത്തിലെ ആദ്യ സൈബർ നോവൽ എം.മുകുന്ദന്റെ നൃത്തം.
? നെല്ല്, ആഗ്നേയം - വി.വത്സല
? യന്ത്രം, വേരുകൾ - മലയാറ്റൂർ രാമകൃഷ്ണൻ.

ആഴ്ചവിശേഷം

ആഴ്ചവിശേഷം

ജനുവരി 11 കുണ്ടറ വിളംബരം
1809 ജനുവരി 11നു കൊല്ലം ജില്ലയിലെ കുണ്ടറയിൽ വച്ച് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനമാണ് കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ തിളക്കമാർന്ന ഏടാണ് കുണ്ടറ വിളംബരം.

ജനുവരി 12 വിവേകാനന്ദ ജയന്തി
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം യുവജന ദിനമായി കൊണ്ടാടുന്നു. ഒരു ജനതയെ മുഴുവൻ ആവേശഭരിതരാക്കിയ നേതാവായിരുന്നു വിവേകാനന്ദൻ. 1863 ജനുവരി 12 ന് കൊൽക്കത്തയിലാണ് ജനിച്ചത്.ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്നു. മതവും ജാതിയുമല്ല, ആഹാരവും അറിവുമാണ് രാജ്യത്തെ
മുഖ്യവിഷയമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.1893 ൽ ചിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ പങ്കെടുത്തതോടെ ലോകപ്രശസ്തനായി. 1902 ജൂലൈ 14ന് അന്തരിച്ചു.

ജനുവരി 13 സി.അച്യുതമേനോൻ
കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ മുഖ്യമന്ത്രിമാരിൽ ഒരാൾ. 1913 ജനുവരി 13ന് തൃശ്ശൂരിൽ ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. 1957ലെ ഇ എം എസ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു. പിന്നീട് 1970 മുതൽ 1977 വരെ മുഖ്യമന്ത്രിയായി മികച്ച എഴുത്തുകാരനുമായിരുന്നു. 1991 ആഗസ്റ്റ് 16ന് അന്തരിച്ചു.

28 Jan 2017

ഓട്ടിസം

ഓട്ടിസം

ചില കുട്ടികളിൽ ജന്മനാ കാണുന്ന വൈകല്യമാണ് ഓട്ടിസം. വൈകല്യത്തിൻറെ അളവിൽ വ്യത്യാസം വരാം. ഭാഷാ വികാസത്തിലും ബുദ്ധി വികാസത്തിലും ഇവർ പൊതുവേ പിന്നിലായിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ അസാധാരണ വൈഭവം കാണിക്കുന്നവരുണ്ട്.
ശിക്ഷിക്കാം, പക്ഷേ...

ശിക്ഷിക്കാം, പക്ഷേ...

പലപ്പോഴും കുട്ടികൾ തെറ്റു ചെയ്യുമ്പോൾ രക്ഷിതാക്കൾ ഒച്ചയെടുക്കുകയും ആക്രോശിക്കുകയും നാലു പെടപെടയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത് ശിക്ഷയല്ല, രക്ഷിതാക്കളുടെ ദേഷ്യം തീർക്കൽ മാത്രമാണ്. കുട്ടിക്ക് അതുകൊണ്ട് പ്രയോജനമില്ല. അതിനാൽ ദേഷ്യം വന്നിരിക്കുമ്പോൾ കുട്ടികളെ ശിക്ഷിക്കരുത്. എന്തിനാണ് ശിക്ഷ എന്ന് കുട്ടി വ്യക്തമായി മനസ്സിലാക്കണം. ശരിയായ ശിക്ഷാ രീതി വല്ലപ്പോഴും മാത്രമേ നടപ്പാക്കേണ്ടി വരൂ.
പ്രശംസിക്കാൻ മറക്കണ്ട

പ്രശംസിക്കാൻ മറക്കണ്ട

ചില രക്ഷിതാക്കളുണ്ട്.കുട്ടി എത്ര വലിയ വിജയം നേടിയാലും ഓ, ഇതിലെന്തിരിക്കുന്നു, ഇതൊന്നും പോരാ, ഈ മുക്കില്ലാ രാജ്യത്തെ മുറിമൂക്കൻ  രാജാവ്.... ഇങ്ങനെയൊക്കെയാവും പ്രതികരണം. കുട്ടിയുടെ കഴിവും കഴിവുകേടും നന്നായി അറിയേണ്ടവരാണ് രക്ഷിതാക്കൾ. അവൻറെ  കഴിവുകേടുകളെ പ്രശംസിക്കുക. വിജയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും പ്രശംസയും നൽകുക. അത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും.