28 May 2017

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക 
തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ സാധാരണ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?
കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

രോഗലക്ഷണങ്ങള്‍
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.
അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.

കൗണ്ട് കുറയുന്നത് പ്രധാന കാരണം
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
കടുത്ത രോഗമുള്ളവരില്‍ (ഡെങ്കുഷോക് സിന്‍ഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവര്‍). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക
ക്യത്യമായ ചികിത്സയില്ലാത്ത ഒരു രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ് കൊതുകിന്റെ പ്രജനനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കഴിയും.

കൊതുകിനെ തുരത്താം ജീവന്‍ രക്ഷിക്കാം
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

കൊതുകുകടിയില്‍ നിന്നും രക്ഷനേടാന്‍
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

ധാരാളം വെള്ളം കുടിക്കുക
ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.
മീഡിയ കോ-ഓര്‍ഡിനേറ്റര്‍
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.